About Church

About Church

മലയാളവർഷം 1135 ആം ആണ്ടിൽ (1959) വി. ദൈവമാതാവിൻ്റെ നാമത്തിൽ സ്ഥാപിതമായിട്ടുള്ളതാണ് എടയ്ക്കാട്ടുവയൽ സെൻറ് മേരീസ് ഓർത്തഡോൿസ് സുറിയാനി പള്ളി. ആരക്കുന്നം, പിറവം, വടയാപ്പറമ്പ്, കാഞ്ഞിരമറ്റം, മാന്തുരുത്തേൽ എന്നീ പള്ളികളിലെ ഇടവകക്കാരായ എടക്കാട്ടുവയൽ നിവാസികൾക്ക് തങ്ങളുടെ ആത്മീയ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി എടക്കാട്ടുവയൽ കേന്ദ്രം ആയി ഒരു പള്ളി വേണമെന്നത് ചിരകാല അഭിലാഷമായിരുന്നു. ഇതിലേക്കുള്ള ആദ്യ ചുവടുവയ്‌പെന്നോണം 1954 മാർച്ച് മാസത്തിൽ എടക്കാട്ടുവയൽ അപ്പർ പ്രൈമറി സ്കൂൾ ആസ്ഥാനമാക്കി സൺഡേസ്കൂൾ പ്രവർത്തനം ആരംഭിച്ചു.

1956 സെപ്റ്റംബർ 8 ആം തിയതി പകൽ 4 മണിക് എടയ്ക്കാട്ടുവയൽ സ്കൂളിൽ വച്ച് വന്ദ്യനായ ചിറ്റേത്ത് ജോസഫ് കത്തനാരുടെ അധ്യക്ഷതയിലും ബഹുമാനപ്പെട്ട തോപ്പിൽ ലൂക്കോസ് കത്തനാരുടെ സാന്നിധ്യത്തിലും ചേർന്ന പൊതുയോഗത്തിൽ, കനായിക്കോട് ദേശത്ത് ദൈവമാതാവായ വി. കന്യകമറിയാമിന്റെ നാമത്തിൽ ഒരു പള്ളി നിർമിക്കുവാനും, എടയ്ക്കാട്ടുവയലിൽ വി. ഗീവർഗീസ് സഹദായുടെ നാമത്തിൽ ഒരു കുരിശു പള്ളി സ്ഥാപിക്കുവാനും തീരുമാനമായി. ഇതിനായി അമ്പാട്ടിൽ എ കെ ജോസഫ്, ഐസക് ഉതുപ്പ്, ചെമ്പകശ്ശേരിൽ വർക്കി ചാക്കോ എന്നിവരെ ചുമതലക്കാരായി തിരഞ്ഞെടുത്തു.

വി. ഗീവർഗീസ് സഹദായുടെ നാമത്തിൽ സ്ഥാപിതമായ കുരിശുംതൊട്ടിയിൽ 1958 മേടമാസം 21 ആം തിയതി (മെയ് 4 ) ബഹു. കാഞ്ഞിരക്കാട്ട് ജോൺ അച്ഛൻ ആദ്യം ആയി ദിവ്യബലി അർപ്പിച്ചു. അന്നുമുതൽ നാളിതുവരെ ഏപ്രിൽ 22 , 23 തീയതികളിൽ വി. ഗീവർഗീസ് സഹദായുടെഓർമ്മപ്പെരുന്നാൾ ആയി ആഘോഷിച്ചു വരുന്നു.

ആ കാലഘട്ടത്തിൽ കൊച്ചി ഭദ്രാസന മെത്രാപ്പോലീത്ത ആയിരുന്ന പൗലോസ് മാർ സേവേറിയോസ്‌ തിരുമേനിയിൽ നിന്നും ദേവാലയനിര്മാണത്തിനുള്ള അനുമതി ലഭിക്കുകയും പള്ളി പണിയുടെ ഓർഡർ കേരള ഗവണ്മെന്റിൽ നിന്ന് ലഭ്യമാകുകയും ചെയ്തു. അമ്പാട്ടിൽ ശ്രീ. A.T കുര്യാക്കോസ് പള്ളിക്ക് ദാനമായി നൽകിയ സ്ഥലത്ത് ഇടവകക്കാരുടെയും വിശ്വാസികളുടെയും സകല പ്രദേശവാസികളുടെയും നിസീമമായ സഹായസഹകരണങ്ങള്കൊണ്ടും പ്രാർത്ഥനകൊണ്ടും സർവോപരി ദൈവകൃപയാലും ദൈവാലയം സ്ഥാപിക്കപ്പെട്ടു. 1959 നവംബര് 21 ആം തിയതി ദൈവമാതാവിന്റെ ദേവാലയ പ്രേവേശന ദിഭാഗ്യസ്മരണാര്ഹനായ പൗലോസ് മാർ സേവേറിയോസ് തിരുമനസുകൊണ്ട് വി. ദൈവമാതാവിന്റെ നാമത്തിൽ താത്കാലിക കൂദാശ നടത്തി ദിവ്യ ബലി അർപ്പിച്ചു. ആക്കാലത്തെ 3 ആം കാതോലിക്കാ ബാവ
ആയിരുന്ന അഭിവന്ദ്യ ഗീവർഗീസ് ദിതീയൻ ബാവയുടെ സഹായവും ഇടവകയ്ക്ക് കൈത്താങ്ങായി നിലകൊണ്ടു. ഈ ആവശ്യഘട്ടത്തിൽ വേണ്ട നിർദേശങ്ങൾ നൽകിയ മാന്തുരുത്തേൽ പള്ളി വികാരിയായിരുന്ന മണലിൽ യാക്കൂബ് അച്ഛനെയും, തോപ്പിൽ അച്ഛനെയും സ്മരിക്കുന്നു.

1959 സെപ്തംബര് 15 ആം തിയതി തോപ്പിൽ ലൂക്കോസ് കത്തനാരുടെ അധ്യക്ഷതയിൽ ചേർന്ന പൊതുയോഗം മലങ്കര സഭയുടെ ഭരണഘടന വായിച്ചു ഭരണഘടനയെ ഐക്യകണ്ടേനേ അംഗീകരിച്ചു. അടുത്ത വര്ഷം തന്നെ പള്ളിയുടെ മുൻവശത്തായി പ. പരുമല തിരുമേനിയുടെ നാമത്തിൽ കുരിശും തൊട്ടി സ്ഥാപിക്കുകയും, നവംബർ 1 ആം തിയതി പരുമല തിരുമേനിയുടെ ഓർമദിനത്തിൽ വിശുദ്ധ കുർബാന അർപ്പിക്കുകയും ചെയ്തു.

1996 ആഗസ്റ്റ് മാസം 18 ആം തിയതി അന്നത്തെ വികാരി ആയിരുന്ന പരേതനായ മത്തായി മൂലംകുഴി അച്ചന്റെ നേതൃത്വത്തിൽ പള്ളി പുതുക്കി പണിയുന്നതിന് കൊച്ചി ഭദ്രാസനാധിപൻ അഭി. സഖറിയ മാർ അന്തോണിയോസ് തിരുമേനിയിൽ നിന്നും അനുമതി നേടുകയും ശിലാസ്ഥാപനം നടത്തുകയും ചെയ്തു .

1999 ഏപ്രിൽ 23 ആം തിയതി സർവശക്തനായ ദൈവത്തിന്റെ കൃപയാലും കരുണയാലും നി. വ . ദി. ശ്രീ ഡോ . പൗലോസ് മാർ സേവേറിയോസ് (കണ്ടനാട് ഭദ്രാസനം), നി. വ . ദി. ശ്രീ കുര്യാക്കോസ് മാർ ക്ളീമിസ് (സുൽത്താൻബത്തേരി), നി. വ . ദി. ശ്രീ യാക്കോബ് മോർ ഐറേനിയോസ് (ചെന്നൈ) എന്നീ മെത്രപ്പോലീത്താമാരുടെ കാര്മികത്ത്വത്തിൽ സമ്പൂർണ കൂദാശ നടത്തി ബലി അർപ്പിച്ചു.